Sunday, March 22, 2009

4

വിലാസിനീ നിനക്കുശേഷം ഞാന്‍ മറ്റാരെയും പ്രണയിക്കാതിരുന്നത്‌ നിനക്കുപകരം വെക്കാന്‍ മറ്റൊരാളെ കണ്ടെത്താത്തതിനാലല്ല, നിന്നെ പ്രണയിച്ചതിന്റെ ക്ഷീണം മാറാഞ്ഞതിനാലാണ്‌.ഞാന്‍ നിന്നെ പരിഹസിക്കുകയല്ല.ഒരു പെണ്ണിനെ പരിഹസിക്കാന്‍മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.

നീ എനിക്കാരായിരുന്നു വിലാസിനീ?

അന്ന് ജീവിതത്തില്‍ രണ്ടാമതായിമാത്രം നാം കണ്ടുമുട്ടുകയായിരുന്നു. നിന്നോടുള്ള പ്രണയം എങ്ങനെ പറയും എന്ന് ആരാഞ്ഞാരാഞ്ഞ് ഞാന്‍ അകത്തെവിടെയോ ആധിയോടെ ചെന്നുമുട്ടുന്നുണ്ടായിരുന്നു.ഒരു വാക്കുപോലും എന്നെ പറയാന്‍ വിടാതെ ....

വിലാസിനീ എനിക്ക് ഇതിനപ്പുറം നിന്നെ കുറിച്ച് എഴുതാനാവുന്നില്ല . ഒരുപക്ഷേ നിന്നെ കുറിച്ച് എഴുതാന്‍ മാത്രമുള്ള അകലം എനിക്കാകാത്തതിനാലാവും . മറ്റൊരിക്കല്‍ മറ്റൊരു രീതിയില്‍ ഞാനിത് പൂര്‍ത്തിയാക്കും വരെ നീ പൊറുക്കുക.

Friday, March 20, 2009

3.പേരമരം

1.
വീട്ടില്‍നിന്നുവിട്ട് പറമ്പില്‍ കൈത്തോടിനോടു ചേര്‍ന്നായിരുന്നു പേരമരം . കൈത്തോടിനുമീതെ, തെങ്ങും കവുങ്ങും കപ്പയുമൊക്കെ നില്‍ക്കുന്ന പറമ്പുകള്‍ക്കും മീതെ ചിലപ്പോള്‍ പൂത്തും പൂക്കാതെയും ഇലപൊഴിച്ചും പൊഴിക്കാതെയും കൂറ്റനൊരു മേഫ്ലവര്‍. ആകാശത്ത് പേരയുടെ പച്ചച്ചില്ലകളും മേഫ്ലവറിന്റെ ചുവന്ന ചില്ലകളും കെട്ടിപ്പിടിച്ചുകിടക്കും. കാറ്റില്‍ ഒന്നിളകി, അയഞ്ഞ് മാറിനിന്ന് ശ്വസിക്കും . വീണ്ടും കെട്ടിപ്പിണഞ്ഞ് കിടക്കും. അങ്ങനെ എത്രനേരമെന്നറിയില്ല. ആദ്യത്തെ മഴയ്ക്ക് , അണ്ണാന്‍ കാര്‍ന്ന പേരയ്ക്കബാക്കിയുടെ മേലെ ചുവപ്പന്‍ ഇതളുകള്‍ വന്ന് ശയിക്കും . പിന്നെ ആദ്യത്തെ ഓളത്തിന്‌ ഒഴുകും . അങ്ങനെ എത്രനേരമെന്നറിയില്ല, എവിടെവരെയെന്നറിയില്ല. രാവിലെ നാനാജാതി കിളികള്‍ വന്നും ഇരുന്നും വിളിച്ചും കൂവിയും കലഹിച്ചും കാഷ്ടിച്ചും പോകും .

പേരച്ചുവട്ടില്‍ ഇരിക്കാനും കിടക്കാനും പാകത്തില്‍ ഒരു ശിഖരം .അതില്‍ ചാരിക്കിടന്നാല്‍ വളവുതിരിഞ്ഞ് സിനിമാപ്പരസ്യങ്ങളുമായി പത്രക്കാരന്‍ വരുന്നതുകാണാം . പത്രക്കാരന്‌ പ്രത്യേക സമയമൊന്നുമില്ല. ഒമ്പതുമുതല്‍ പന്ത്രണ്ടുവരെ ഏതുസമയത്തുമാകാം . അപൂര്‍വം ചിലപ്പോള്‍ വൈകുന്നേരങ്ങളിലുമാകാം .

Monday, March 16, 2009

2

എത്രയോകാലമായി നാം ഇരയേയും വേട്ടക്കാരനേയും കുറിച്ച് വാതോരാതെ വിലപിച്ചുകൊണ്ടിരുന്നു. നമ്മുടെ വാക് യുദ്ധങ്ങളില്‍ എത്രവട്ടം മാറിമാറി നാമത്‌ പ്രയോഗിച്ചിരിക്കുന്നു. വാസ്തവത്തില്‍ ആരായിരുന്നു ഇര? ആരായിരുന്നു വേട്ടക്കാരന്‍ ? ഒരിര അനിവാര്യമായിരിക്കുന്ന ഒരാള്‍ വേട്ടക്കാരനാണോ? ഒരു വേട്ടക്കാരന്‍ അനിവാര്യമായിരിക്കുന്ന ഒരാള്‍ ഇരയാണോ? നമ്മുടെ എലിയും പൂച്ചയും കളിയില്‍ നാമിരുവരും മാറിമാറി എലിയും പൂച്ചയുമായിക്കൊണ്ടിരുന്നു എന്ന് ഇനി എന്നാണു നാം അംഗീകരിക്കുക? ഈ കളിയുടെ വിചിത്രമായ ഘടനയില്‍ നിന്ന് നാമെന്നാണ്‌ പുറത്തുവരിക? അല്ലെങ്കില്‍ ഞാനെന്തിനാണ്‌ ഇപ്പോഴും നാമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌?

Sunday, March 15, 2009

1

അപ്പോള്‍, ഋതുക്കളെക്കുറിച്ചാണ്‌ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്. ഋതുക്കള്‍ മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന ശരീരത്തെക്കുറിച്ച്. ഇലകളെല്ലാം പൊഴിച്ച് കാക്കകള്ക്ക് വന്നിരുന്നു കാഷ്ഠിക്കുന്നതിനുവേണ്ടിമാത്രമായി ഒരു വേനല്‍ മുഴുവന്‍ ഞാന്‍ പിടിച്ചുനിന്നത്‌ എന്തിനുവേണ്ടിയായിരുന്നു? ഒരു മഴപെയ്യുമ്പോള്‍തന്നെ തളിര്‍ക്കാനുള്ള എന്റെ ആവേഗത്തെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് എനിക്കറിയില്ലായിരുന്നോ? എന്നോടു ചോദിക്കാതെതന്നെ വേരുകള്‍ ഒരോതുള്ളി ജലത്തിനും പിന്നാലെ പരക്കം പായുമെന്ന് എനിക്കറിയില്ലായിരുന്നോ? ലോകത്ത് സ്വതന്ത്രമായി വേരുകള്‍ മാത്രമേയുള്ളുവെന്ന് എനിക്കറിയില്ലായിരുന്നോ? എല്ലാം എനിക്കറിയാമായിരുന്നു. ഒന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ എല്ലാമായിരുന്നു. ഞാന്‍ ആരുമല്ലായിരുന്നു.

വേരുകള്‍ , വേരുകള്‍ മാത്രമേ സത്യമായിട്ടുള്ളു. ഈ ഉടല്‍ മുഴുവന്‍ ഉപേക്ഷിച്ചുപോകുന്ന വേരുകളെക്കുറിച്ച് ഇനി ഞാന്‍ എന്തുപറയാനാണ്‌.. ?.. എന്നെവിട്ടകലും വേരുകള്‍ ... എനിക്കു വിട്ടുപോകാനാവില്ലെന്നറിഞ്ഞുകൊണ്ടുമാത്രം എന്നെവിട്ടെവിടേക്കോപോകും വേരുകള്‍...