Sunday, July 5, 2009

14

തുറമുഖനഗരത്തില്‍ കായലിനോടുചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ എലിസബത്തിനൊപ്പം അവളുടെ മുഖത്തേക്കുനോക്കാതെ വിദൂരത്തിലേക്കുനോക്കി ഇരിക്കുമ്പോള്‍ സമാനമായ സാഹചര്യത്തില്‍ ഏതൊരാളിലുമെന്നതുപോലെ ജോണ്‍മത്തായിയുടെ മനസ്സിലേക്കും ഓര്‍മകള്‍ ഇരമ്പിയെത്തി. കായലിലെ താളത്തിലിളകുന്ന വെള്ളത്തിലേക്കുനോക്കി തന്റെ ഓര്‍മകളെ ക്രമപ്പെടുത്താന്‍ അയാള്‍ ശ്രമിക്കാതിരുന്നില്ല. പക്ഷെ ഇത് ഓര്‍മകളുടെ സമയമല്ലെന്നും , ഓര്‍മകള്‍ക്ക് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഒന്നുംചെയ്യാനില്ലെന്നും അയാള്‍ക്കറിയാമായിരുന്നു. എലിസബത്ത് തന്നെ അന്വേഷിച്ചുവന്നത്‌ അവള്‍ക്കുതന്നെ വിശ്വാസമായതിനാലാണെന്ന് ജോണ്‍മത്തായിക്കു മനസ്സിലായി.

13

എന്തുകൊണ്ട് വനമാലിക? ഗോവര്‍ധന്‍ തന്നോടുതന്നെ പലവട്ടം ചോദിച്ചിട്ടുള്ളതാണ്‌.ഒരിക്കലും അവളോട് സംസാരിച്ചിട്ടില്ലെങ്കിലും താനവളെ പ്രണയിക്കുന്നു എന്ന് ഗോവര്‍ദ്ധന്‍ തിരിച്ചറിഞ്ഞിരുന്നു.ഒരുപക്ഷെ, നാല്‍പതുവര്‍ഷം നീണ്ട തന്റെ ജീവിതത്തിലാദ്യമായി.പോയ നാല്‍പതുവര്‍ഷങ്ങള്‍ ഒരു പെണ്‍കുട്ടിക്കും കടന്നുവരാനാവാത്ത വിധത്തില്‍ തന്റെ മനസ്സിനേയും ശരീരത്തേയും ഗോവര്‍ധന്‍ അടച്ചുവെച്ചിരുന്നു.പെണ്ണുങ്ങളോടുള്ള തന്റെ പകയുടെ കാലം കഴിഞ്ഞെന്നും ഒരു പെണ്‍കുട്ടിയുടെ മുടിച്ചുരുളുകളില്‍ തന്റെ മനസ്സ് കുരുങ്ങിപ്പോയെന്നും ഗോവര്‍ധന്‍ തിരിച്ചറിഞ്ഞ നിമിഷം തന്റെ ശരീരം മറ്റാരുടെയോ നിയന്ത്രണത്തിലുള്ള എന്തോ ഒന്നായി അയാള്‍ക്കുതോന്നി.മുന്പൊരിക്കലുമുണ്ടാകാത്തവിധത്തില്‍ കണ്ണാടിയിലേക്കുനോക്കി നീണ്ടനേരം പകച്ചുനില്‍ക്കാനേ അയാള്‍ക്കു കഴിഞ്ഞുള്ളു.