Sunday, March 15, 2009

1

അപ്പോള്‍, ഋതുക്കളെക്കുറിച്ചാണ്‌ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്. ഋതുക്കള്‍ മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന ശരീരത്തെക്കുറിച്ച്. ഇലകളെല്ലാം പൊഴിച്ച് കാക്കകള്ക്ക് വന്നിരുന്നു കാഷ്ഠിക്കുന്നതിനുവേണ്ടിമാത്രമായി ഒരു വേനല്‍ മുഴുവന്‍ ഞാന്‍ പിടിച്ചുനിന്നത്‌ എന്തിനുവേണ്ടിയായിരുന്നു? ഒരു മഴപെയ്യുമ്പോള്‍തന്നെ തളിര്‍ക്കാനുള്ള എന്റെ ആവേഗത്തെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് എനിക്കറിയില്ലായിരുന്നോ? എന്നോടു ചോദിക്കാതെതന്നെ വേരുകള്‍ ഒരോതുള്ളി ജലത്തിനും പിന്നാലെ പരക്കം പായുമെന്ന് എനിക്കറിയില്ലായിരുന്നോ? ലോകത്ത് സ്വതന്ത്രമായി വേരുകള്‍ മാത്രമേയുള്ളുവെന്ന് എനിക്കറിയില്ലായിരുന്നോ? എല്ലാം എനിക്കറിയാമായിരുന്നു. ഒന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ എല്ലാമായിരുന്നു. ഞാന്‍ ആരുമല്ലായിരുന്നു.

വേരുകള്‍ , വേരുകള്‍ മാത്രമേ സത്യമായിട്ടുള്ളു. ഈ ഉടല്‍ മുഴുവന്‍ ഉപേക്ഷിച്ചുപോകുന്ന വേരുകളെക്കുറിച്ച് ഇനി ഞാന്‍ എന്തുപറയാനാണ്‌.. ?.. എന്നെവിട്ടകലും വേരുകള്‍ ... എനിക്കു വിട്ടുപോകാനാവില്ലെന്നറിഞ്ഞുകൊണ്ടുമാത്രം എന്നെവിട്ടെവിടേക്കോപോകും വേരുകള്‍...

3 comments:

  1. സുഹൃത്തുക്കളെ, കവിത വറ്റിവരണ്ടു തുടങ്ങിയതിനാലും എഴുത്തിലെ അനിശ്ചിതത്വം ചിലനേരങ്ങളില്‍ താങ്ങാനാവാത്തതിനാലും വിനിമയം അത്രക്ക് അനിവാര്യമായതിനാലും നോവല്‍ എന്ന മറ്റൊരു രൂപം പരീക്ഷിച്ചുതുടങ്ങുകയാണ്. വായിക്കുക, വിജയിപ്പിക്കുക!

    ReplyDelete
  2. വേരുകള്‍ മാത്രമാണോ സത്യം?
    ഇലയുടെ വെയില്‍ വിനിമയമാണ്‌ ഓരോ വേരിന്‍റെ യാത്രയും.
    ആഴങ്ങളില്‍ ജലം തൊടുമ്പോള്‍ ഇല അതറിയുന്നുന്ടാവണം..
    മൌനമായ വിനിമയങ്ങള്‍ പോലും വസന്തമാകുമെങ്കില്‍
    വാക്കിവിടെ ഉണ്ടല്ലോ.. അതിന്‍റെ അനന്ത സാധ്യതകളും.

    ReplyDelete
  3. ഇപ്പോഴും ഞാന്‍ ആലോചിക്കുന്നത് വെയിലിനെ കുറിച്ച് ആവണം...
    എന്നില്‍ നിന്നു‍ അകന്നു പോയ ഓരോ തുള്ളി ജലത്തെ കുറിച്ചും ആവണം...

    ReplyDelete