Wednesday, March 24, 2010

18

എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ജെ ഞാന്‍ നിന്നിലേക്ക് മടങ്ങിയെത്തിയത്.നിന്റെതന്നെ വാക്കുകളായിരുന്നു എന്നെ ഇത്രകാലവും കുഴപ്പിച്ചതെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്.നിന്റെ വാക്കുകളോ എന്റെ മുന്‍വിധികളോ? വാക്കുകള്‍ വിതക്കുന്നത്‌ വിപത്തുകളാണെന്ന് തിരിച്ചറിഞ്ഞിട്ടും വാക്കുകളില്‍ത്തന്നെ വിലയം പ്രാപിക്കുന്നവന്റെ വിധിയെക്കുറിച്ച് ഇനി എന്തുപറയാന്‍ . ജെ പോയകാലങ്ങള്‍ പോകട്ടെ. എനിക്കും നിനക്കും ഒരുമിച്ചുനടക്കാന്‍ പിരിയാത്ത ചിലവഴികല്‍ ഉണ്ടെന്നുതന്നെ ഞാന്‍ കരുതുന്നു.

Sunday, March 21, 2010

17

ആരാധനയുടെ തുടക്കം അവിടെനിന്നായിരുന്നു,പേരമരച്ചുവട്ടില്‍നിന്ന്.പത്രക്കാരനെ കാത്തുനില്‍ക്കുന്ന നിമിഷങ്ങളില്‍ സച്ചിന്‍തെണ്ടുല്‍ക്കര്‍ സെഞ്ചുറിയടിച്ച് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. അത് തൊണ്ണൂറ്റിമൂന്നിലെത്തുന്നതിനിടയില്‍ എന്തൊക്കെ മറിമായങ്ങള്‍ .പെട്ടെന്നാണ്‌ പേരമരച്ചുവട്ടിലേക്ക് പെണ്‍കുട്ടികളെത്തിത്തുടങ്ങിയത്‌.പുരപ്പുറത്തുകയറിനിന്നാല്‍പ്പോലും മറ്റൊരുപുര കാണാന്‌കഴിയാത്ത ആ വിജനതയിലേക്ക് എവിടെനിന്നാണ്‌ പെണ്‍കുട്ടികളെത്തിയത്‌.ആദ്യമെത്തിയത്‌ മണമാണ്‌. പേരമണം മാത്രം പരിചയിച്ച മൂക്കില്‍ പെണ്ണിന്റെ മണം . പിന്നെ ചേക്കേറുന്ന പക്ഷികളുടേതുപോലുള്ള കലപില ശബ്ദങ്ങള്‍ .കാല്‍മുട്ടുകള്‍ ...മുലമൊട്ടുകള്‍ ..പേരയുടെ പച്ചയിലേക്ക് കാറ്റിലൊഴുകിയിറങ്ങുന്ന മേഫ്ലവറിന്റെ ചുവപ്പ്.കൈത്തോട്ടിലേക്കു വീഴുന്ന ഒരു പൂവിതള്‍ . ഒരു ചുവപ്പ് ചെറിയ ചാട്ടങ്ങളില്‍ മുങ്ങിത്താഴുന്നതുമാത്രമേ അന്നു കണ്ടിട്ടുള്ളൂ.

Friday, September 11, 2009

16

എലിസബത്ത്, അന്നു നാം ഏഴാം ക്ലാസ്സിലായിരുന്നു. രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം മെയ്മാസത്തെ അവസാനത്തെ ദിവസങ്ങളിലൊന്നില്‍ ക്ലാസ്സുതിരിക്കുന്നതിനായി നമ്മളെ സ്കൂളിലേക്കു വിളിപ്പിച്ചു.ആ രണ്ടുമാസത്തെ കാത്തിരിപ്പിന്റെ കനം ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല. ഓരോ ഡിവിഷനിലേക്കുമുള്ള പേരുകള്‍ വിളിക്കുമ്പോള്‍ അതില്‍ നീയുണ്ടോ ഞാനുണ്ടോ എന്നുമാത്രമായിരുന്നു ഞാന്‍ കേട്ടുകൊണ്ടിരുന്നത്.

നിര്‍ത്ത് -എലിസബത്ത് പറഞ്ഞു. ഇതുപോലൊരുകഥ എല്ലാ വഴിപോക്കനും പറയാനുണ്ടാവും . ഇതൊക്കെ കണ്ടും കേട്ടും ഞാന്‍ ചടച്ചിരിക്കുകയാണ്‌.


'എലിസബത്ത് എന്റെ കഥകള്‍ എല്ലാവരുടേതും പോലെയായത്‌ എന്റെ കുഴപ്പം കൊണ്ടല്ല.ടാറിട്ട വഴിയിലൂടെ മാത്രം നടക്കുന്നവരുടെ കഥ ഒരുപോലെയാകാതെ തരമില്ലല്ലോ'.


'എനിക്കുനിന്റെ പഴങ്കഥകളോ മറുകടയാളങ്ങളോ കാണേണ്ട. നിലവില്‍ നിനക്കെന്താണ്‌ എന്നില്‍നിന്നാവശ്യം എന്നുമാത്രം അറിഞ്ഞാല്‍ 'മതി-എലിസബത്ത് പറഞ്ഞു.