Wednesday, April 22, 2009

7

വിലാസിനീ, നീ എന്നോടു പൊറുക്കുക. നിന്നെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ ഇനി എത്രമാത്രം വളരേണ്ടിയിരിക്കുന്നു.നിനക്കറിയാമല്ലോ ഞാന്‍ എന്നിലേക്ക് എത്രമാത്രം ഉള്‍വലിഞ്ഞവനാണെന്ന്.ആളുകളെ, ലോകത്തെ ഞാന്‍ എത്രമാത്രം ഭയക്കുന്നുവെന്ന്. നിന്നോടൊപ്പം നടക്കുമ്പോള്‍ കുട്ടിക്കാലത്ത് അമ്മയോടൊപ്പം നടക്കുമ്പോഴുണ്ടായ അതേ ഭയം ഞാന്‍ അനുഭവിച്ചു.അമ്മ എന്റെ കൈപിടിച്ച് നടക്കുമ്പോള്‍ എതിരെവരുന്ന ആളുകളുടെ കണ്ണിലാണ്‌ ഞാന്‍ അമ്മയെ കണ്ടത്‌, എന്നെക്കണ്ടത്‌.ആളുകള്‍ നിന്റെ തടിച്ച മുലകളിലേക്ക് തുറിച്ചുനോക്കുമ്പോള്‍ ഞാന്‍ വലിഞ്ഞുമുറുകി പൊട്ടേണ്ടതായിരുന്നു.നീ എന്റെ ആരുമല്ല,നിന്റെമേല്‍ എനിക്കൊന്നുമില്ല,എന്നൊക്കെ ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കന്‍ ശ്രമിച്ചു.എന്റെ അധികാരം എന്റെ ഭയമായിരുന്നുവെന്ന് എന്നെങ്കിലും നീ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍,എന്റെ ഭയത്തിന്‌ നീ അഭയമായി മാറിയിരുന്നുവെങ്കില്‍ , വിലാസിനീ നമ്മെ സമര്‍ഥമായി ഒളിപ്പിക്കാന്‍ നം വെറുതെ കലഹിച്ചുകൊണ്ടിരുന്നപ്പോള്‍ , എന്നെങ്കിലുമൊരിക്കല്‍ നമ്മെ വെളിപ്പെടുത്താനുള്ള ധൈര്യം നമ്മിലാരെങ്കിലും കാണിച്ചിരുന്നെങ്കില്‍ ..

Thursday, April 16, 2009

6

വിനോദിനീ, നിന്നോടൊപ്പം ഇണചേരുന്നത് ദൈവമാണെന്നു കരുതുക. ആദ്യത്തെ ചുംബനം മുഴുമിപ്പിക്കുന്നതിനു മുമ്പേ നിന്റെ സെല്‍ഫോണില്‍ കാമുകന്റെ ബെല്‍ മുഴങ്ങിയിട്ടുണ്ടാവും . മനസില്ലാ മനസ്സോടെ ആ ചുംബനം നീ പൂര്‍ത്തിയാക്കിയെന്നിരിക്കും . അവന്റെ ലിംഗത്തില്‍ നിന്റെ കൈ മുറുകിത്തുടങ്ങുമ്പോഴായിരിക്കും നിന്റെ കാമുകന്റെ അടുത്ത ബെല്‍ മുഴങ്ങുക. ഞെട്ടിത്തിരിഞ്ഞ് വിനോദിനീ നീ പോയി ഫോണെടുക്കും .പാവം ദൈവം അവന്‍ ക്ഷമയുടെ പ്രതിരൂപമാണല്ലോ. താഴുന്ന ലിംഗത്തിലേക്കുനോക്കി തണുത്തുകിടക്കും . ക്ഷമാപണമോ കുറ്റബോധമോ ഇല്ലാതെ കാമുകന്റെ കുസൃതിയോര്‍ത്ത് ചിരിച്ച് നീ വീണ്ടും കിടക്കയിലേക്കു വന്ന് വീഴും . കത്തി കത്തി കത്തി നിന്റെ ശംഖു പുഷ്പത്തില്‍ അവന്‍ മണത്തു തുടങ്ങുമ്പോഴായിരിക്കും കാമുകന്റെ മൂന്നാമത്തെ ബെല്‍ മുഴങ്ങുക. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ആരോടും ചോദിക്കാതെ ദൈവം സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിപ്പോകും . ഞാന്‍ ദൈവമൊന്നുമല്ല വിനോദിനീ, വെറുമൊരു മനുഷ്യന്‍ . നിന്റെ കാമുകനാകാന്‍ അനുഗ്രഹിക്കപ്പെട്ട മറ്റൊരു ജന്മം .
വിനോദിനീ ഞാന്‍ നിന്നെ പരിഹസിക്കുകയല്ല. ഒരു പെണ്ണിനേയും പരിഹസിക്കാന്‍ ഞാന്‍ ആളല്ല, ആണുമല്ല. ഉറക്കത്തിലേക്കുറക്കത്തിലേക്കുലച്ചുകൊണ്ടേയിരിക്കുന്ന അവസാനിക്കാത്ത മൂര്‍ഛകളേക്കാള്‍ ഉണര്‍വിലേക്കുണര്‍വിലേക്കുയിര്‍പ്പിച്ചുകൊ ണ്ടേയിരിക്കുന്ന നീതന്ന മുറിഞ്ഞ മൂര്‍ഛകളാണ്‌ ഇന്നുമെന്നെ ജീവിപ്പിക്കുന്നത്.

Friday, April 3, 2009

5.ജെ

1.ജെ നിന്നോടൊപ്പം നടക്കുമ്പോള്‍ ഞാന്‍ ആകാശത്തോളമുയരുന്നുണ്ട്. അതിശയോക്തി എടുത്തുകളഞ്ഞാല്‍ തന്നെയും ഏറ്റവും ഉയരത്തിലുള്ള ഒരു മരത്തോളമെങ്കിലും ഉയരുന്നു. വീടുകളും ഇടവഴികളും വ്യാപരസ്ഥലങ്ങളും എല്ലാം ആ ഉയരത്തില്‍ നിന്ന് എനിക്കു കാണാനാകുന്നു.പക്ഷെ നീ പോയിക്കഴിയുമ്പോള്‍ ഞാന്‍ ഭൂമിയിലേക്കുതന്നെ തിരികെയെത്തുന്നു. എതിരെവരുന്ന മനുഷ്യന്‍ പോലും അത്രമാത്രം അപ്രാപ്യനാകുന്നു.
ഇന്നലെ നിന്നോടൊപ്പം അഗ്രഹാരത്തിലൂടെ നടക്കുമ്പോള്‍ , തലനരച്ച ബ്രാഹ്മണ സ്ത്രീകള്‍ ചുമരില്‍ ചാരിയിരുന്ന് പോക്കുവെയിലേല്‍ക്കുന്നുണ്ടായിരുന്നു, നിന്നെ മൂകനായി വിട്ട് ഞാന്‍ നീ മുന്പ് പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ക്കുകയായിരുന്നു. കാഴ്ചയേയും കാഴ്ചക്കാരനേയും കുറിച്ച്. എല്ലാ ആകുലതകളും വിട്ട് ചിലപ്പോഴെങ്കിലും ഞാന്‍ കാഴ്ചകളിലേക്ക് വന്നു വീഴുന്നുണ്ട്, പക്ഷെ ചിലപ്പോള്‍ ചിലപ്പോള്‍ മാത്രം . എല്ലായിപ്പോഴും, എല്ലായിപ്പോഴും കാഴ്ചക്കാരന്‍ ഉണര്‍ന്നിരിക്കുന്നു, ഉറങ്ങുമ്പോള്‍ പോലും.
എന്നത്തെയും പോലെ വൈകുന്നേരത്തെ വെയില്‍വീണ പുഴക്കടവിലേക്ക് നീ എന്നെ കൂട്ടിക്കൊണ്ടുപോയി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയോരത്ത് പണികഴിഞ്ഞ് കുളിക്കാനെത്തിയവര്‍ തൂറാനിരിക്കുന്നുണ്ടായിരുന്നു. വെറുതെ കൌതുകത്തിനുവേണ്ടിമാത്രം നീ മൂക്കുപൊത്തുന്നുണ്ടോയെന്ന് ഞാന്‍ നോക്കി, തിരിഞ്ഞു നടക്കുന്നുണ്ടോയെന്നും . നീ അവിടെയുണ്ടായിരുന്നെങ്കിലും ഞാനുണ്ടായിരുന്നിടത്തൊന്നും നീയുണ്ടായിരുന്നില്ല.
ഞാന്‍ ... ആരുടെകൂടെ നടക്കുമ്പൊഴും കിടക്കുമ്പൊഴും രമിക്കുമ്പൊഴും ഞാന്‍... ഞാന്‍മാത്രം തനിച്ച്.