Friday, June 26, 2009

12


കാട്ടിലൂടെയുള്ള യാത്രകളിലായിരുന്നു ഗോവര്‍ധന്‍ വനമാലികയെ കണ്ടത്. അവളൊരു കാട്ടുചെടിയോ കാട്ടുപൂവോ കാട്ടുവള്ളിയോ കാട്ടുപെണ്ണോ ഒന്നുമായിരുന്നില്ല. പക്ഷേ, കാട് എല്ലായിപ്പോഴും അവളെ മാത്രം ഓര്‍മിപ്പിച്ചു. ഒരുപാട് നിലകളുള്ള ഒരു കെട്ടിടം , അതു കാടായിരുന്നോ, ചില്ലുഭിത്തികള്‍ കൊണ്ട് തിരിച്ചിരിക്കുന്ന നിരവധി മുറികള്‍ , ഒന്ന് ഒന്നില്‍ പ്രതിഫലിക്കുന്നതുപോലെയുള്ള വിചിത്രമായ നിര്‍മിതി, ഒരോഫീസ് മുറിക്ക് ഒരിക്കലും ചേരാത്ത തരത്തില്‍ . അവിടെ ആരുമുണ്ടായിരുന്നില്ല, അവളൊഴികെ മറ്റാരും . അയാള്‍ക്ക് മുഖംതിരിഞ്ഞ് അവളാരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കസേരയുടെ പിന്നിലേക്ക് ഉലഞ്ഞുകിടക്കുന്ന അവളുടെ നീണ്ട , ചുരുണ്ട മുടിയിഴകള്‍ .പെണ്‍കുട്ടികളുടെ നീണ്ട മുടിയോടുള്ള അയാളുടെ വെറുപ്പുകൊണ്ടുമാത്രം രണ്ടാമതൊരു നോട്ടം പാടില്ലാത്തതായിരുന്നു. പക്ഷെ അതുണ്ടായി. എന്തുകൊണ്ടോ . അന്ന് കാട്ടിലേക്കുള്ള യാത്ര കൂട്ടുകാരോടൊന്നിച്ചായിരുന്നു. വെളിച്ചം വീഴുന്ന വള്ളിപ്പടര്‍പ്പുകളിലേക്ക് തനിച്ചുകയറുമ്പോള്‍ താന്‍ മറ്റെവിടെയോ ആണെന്ന് ഗോവര്‍ധനു തോന്നി. അവളുടെ ചുരുള്‍മുടികള്‍. വനമാലികേ.. അയാള്‍ വിളിച്ചു. അവള്‍ ചെറിയ കുസൃതിയോടെ ഈണത്തിലൊന്നു മൂളി. അവിടെ ആരും ഉണ്ടായിരുന്നില്ല. അയാളുടെ കൂട്ടുകാര്‍ അപ്പൊഴേക്കും എവിടെയോ എത്തിയിരുന്നു. കാമറ നിലത്തേക്കു തിരിച്ചുപിടിച്ച് അയാള്‍ അതിനുള്ളിലേക്കു നോക്കി, ഇരുട്ടില്‍ വെളിച്ചത്തിന്റെ ഒരു വര. വനമാലികേ.. അയാള്‍ വീണ്ടും വിളിച്ചു.പുരാതനമായ എന്തെക്കെയോ ഭയങ്ങള്‍ തന്നെ വന്ന് ചൂഴ്ന്നുനില്‍ക്കുന്നതായി അയാള്‍ക്കുതോന്നി. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന മരത്തോടുചേര്‍ന്ന് അവളെയോര്‍ത്ത് സ്വയംഭോഗം ചെയ്യുമ്പോള്‍ , അവളുടെ ചുരുള്‍മുടിയുടെ വന്യതയിലേക്ക് ഗോവര്‍ധന്‍ ഊളിയിട്ടുകൊണ്ടേയിരുന്നു. വനമാലികേ... അയാള്‍ വിളിച്ചു, ആരുമുണ്ടായിരുന്നില്ല വിളികേള്‍ക്കാന്‍ . വനമാലികേ.. അയാള്‍ വിളിച്ചു. വീണ്ടും വീണ്ടും വിളിച്ചു.

Thursday, June 25, 2009

11

ഞാന്‍ നിന്നെ പിന്തുടരുന്നത്, നീ അകന്നുപൊയിട്ടും വിടാതെ കൂടുന്നത്, ഞാന്‍ പിന്തുടരുന്നതുകൊണ്ടുമാത്രം നിനക്കു പലതും നഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞിട്ടും വേദനിക്കാത്തത്, നീ ഞാന്‍ കാണുന്ന നൂറായിരം പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തയായതിനാലല്ല, നിന്നെ പിന്തുടരുമ്പോള്‍, അതില്‍ തുടരുമ്പോള്‍ , തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍, ഞാന്‍ നൂറായിരം ആണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തനാകുന്നതിനാലാണ്

Friday, June 5, 2009

10


ഇ എന്ന നഗരത്തിലെ സര്‍വകലാശാലാ കാമ്പസ്സില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്‌ ജോണ്‍ മത്തായി എലിസബത്തിനെ വീണ്ടും കാണുന്നത്‌. കാമ്പസ്സിനും എലിസബത്ത്‌ ജോലിചെയ്യുന്ന ഹോസ്പിറ്റലിനുമിടയില്‍ ദുര്‍ഗന്ധം വമിക്കുന്ന ഒരു ഓടയുടെ അകലമേയുണ്ടായിരുന്നുള്ളു. ഒരിക്കലും എത്തിപ്പെടാനാവാത്ത ഒരകലം , ആരും ചാടിക്കടക്കാന്‍ ധൈര്യപ്പെടാത്ത ഒരകലം. ജോണ്‍മത്തായിക്ക് അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സഹപാഠി മദ്യപിച്ച് അബോധാവസ്ഥയിലാകേണ്ടിവന്നു ആ മുഷിഞ്ഞ അകലം ചാടിക്കടക്കാന്‍. എലിസബത്തിന്‌ അയാളെ മനസ്സിലായില്ല. എല്ലാം പറഞ്ഞിട്ടും കൈനഖത്തിലെ കറുത്ത മറുക് കാണിച്ചുകൊടുത്തിട്ടും തന്റെ കളിക്കൂട്ടുകാരനാണ്‌ മുന്നില്‌ നില്‌ക്കുന്നതെന്ന് അവള്‍ വിശ്വസിച്ചില്ല. വീണ്ടും കാണാമെന്നുപോലും പറയാതെ അവള്‍ ആ അപരിചിതനെ യാത്രയാക്കി. അയാളാകട്ടെ ഏതോ വിഭ്രമത്തിലകപ്പെട്ടതുപോലെ അവിടം വിട്ട് പോകുകയും ചെയ്തു.

Tuesday, June 2, 2009

9

ജീവിക്കാന്‍ മരണമല്ലാതെ മറ്റേതുമാര്‍ഗമാണുള്ളത്?

ഏതോ ഒരു ദിവസത്തിന്റെ ഏതോ ഒരു നിമിഷത്തില്‍ ജോണ്‍ മത്തായി മരിക്കാന്‍ തീരുമാനിച്ചു. മരിക്കാന്‍ നേരത്ത് ജീവിച്ചിരിക്കുന്നവര്‍ക്കായി എഴുതിവെക്കേണ്ട വാക്കുകളെക്കുറിച്ച് അയാള്‍ മറന്നില്ല. തന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലന്ന് മറ്റാരെക്കാളും നന്നായി അയാള്‍ക്കുതന്നെ അറിയാമായിരുന്നു. മറ്റാരെക്കാളും എന്നതില്‍ അയാളുടെ ഭാര്യയും അമ്മയും പത്തില്‍ക്കുറയാത്ത കാമുകിമാരും ചത്തുപോയ മത്തായിയും ഉള്‍പ്പെടും .മരണം തന്റെമാത്രം ജോലിയാണ്‌. ആ ജോലി എത്രയും പെട്ടെന്ന് തീര്‍ക്കുന്നതിനെക്കുറിച്ചുമാത്രമാണ്‌ ആ നിമിഷം അയാള്‍ ആലോചിച്ചത്‌. തന്റെ മരണത്തിന്‌ ജോണിന്‌ തന്റേതായ ന്യായീകരണങ്ങളുണ്ടായിരുന്നു. അതു ലോകം അറിയണമെന്നതുകൊണ്ടുമാത്രം അയാള്‍ എഴുതിവെക്കാന്‍ തയ്യാറായി. അതില്‍ ഒന്നാമത്തെ കാരണം ജീവിതത്തിന്‌ അര്‍ഥമുണ്ടെന്ന പഴഞ്ചന്‍ ചിന്ത തന്നെയാണ്‌. അര്‍ഥമില്ലാത്ത ജീവിതം അപ്രസക്തമാണ്‌. ജീവിച്ചിരിക്കെ എവിടെയോവെച്ച് തന്റെ ജീവിതം അപ്രസക്തമാകുന്നതായി ജോണ്‍ തിരിച്ചറിഞ്ഞു. നന്നായി കളിച്ചുകൊണ്ടിരിക്കെ മറ്റാരുടെയോ സമ്മര്‍ദത്താല്‍ കളത്തിനു പുറത്താക്കപ്പെട്ട കളിക്കാരനെപ്പോലെ , ടീമിന്റെ വിജയം തന്റെ ആഗ്രഹത്തിന്റെ പുറത്താണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. ടീമിന്റെ പരാജയവും താന്‍ ആഗ്രഹിക്കേണ്ടതില്ലെന്ന് അയാള്‍ തീരുമാനിച്ചു. അത്തരമൊരു തീരുമാനം തന്റെ മരണമാണെന്ന് പക്ഷേ വളരെ വൈകിമാത്രമാണ്‌ അയാള്‍ തിരിച്ചറിഞ്ഞത്‌. പൂര്‍ണതയിലേക്കു പോകുന്നൊരാള്‍ മരണത്തിലേക്കാണ്‌ പോകുന്നതെന്ന് അന്നുവരെ ആരും അയാള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നില്ല. അച്ഛന്‍ മത്തായി പോലും .കയറുകുരുക്കാനെടുത്ത സമയം മുഴുവന്‍ അപൂര്‍ണതയിലേക്കു നീങ്ങി ജീവിതത്തെ തിരിച്ചുപിടിക്കണമെന്ന് അയാള്‍ ആഗ്രഹിക്കാതിരുന്നില്ല. പക്ഷെ അതെങ്ങനെ എന്ന ആശയക്കുഴപ്പം കഴുത്ത് കുരുക്കിലേക്ക് കടത്തുന്നതുവരെ അവസാനിച്ചില്ല.