Friday, June 26, 2009

12


കാട്ടിലൂടെയുള്ള യാത്രകളിലായിരുന്നു ഗോവര്‍ധന്‍ വനമാലികയെ കണ്ടത്. അവളൊരു കാട്ടുചെടിയോ കാട്ടുപൂവോ കാട്ടുവള്ളിയോ കാട്ടുപെണ്ണോ ഒന്നുമായിരുന്നില്ല. പക്ഷേ, കാട് എല്ലായിപ്പോഴും അവളെ മാത്രം ഓര്‍മിപ്പിച്ചു. ഒരുപാട് നിലകളുള്ള ഒരു കെട്ടിടം , അതു കാടായിരുന്നോ, ചില്ലുഭിത്തികള്‍ കൊണ്ട് തിരിച്ചിരിക്കുന്ന നിരവധി മുറികള്‍ , ഒന്ന് ഒന്നില്‍ പ്രതിഫലിക്കുന്നതുപോലെയുള്ള വിചിത്രമായ നിര്‍മിതി, ഒരോഫീസ് മുറിക്ക് ഒരിക്കലും ചേരാത്ത തരത്തില്‍ . അവിടെ ആരുമുണ്ടായിരുന്നില്ല, അവളൊഴികെ മറ്റാരും . അയാള്‍ക്ക് മുഖംതിരിഞ്ഞ് അവളാരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കസേരയുടെ പിന്നിലേക്ക് ഉലഞ്ഞുകിടക്കുന്ന അവളുടെ നീണ്ട , ചുരുണ്ട മുടിയിഴകള്‍ .പെണ്‍കുട്ടികളുടെ നീണ്ട മുടിയോടുള്ള അയാളുടെ വെറുപ്പുകൊണ്ടുമാത്രം രണ്ടാമതൊരു നോട്ടം പാടില്ലാത്തതായിരുന്നു. പക്ഷെ അതുണ്ടായി. എന്തുകൊണ്ടോ . അന്ന് കാട്ടിലേക്കുള്ള യാത്ര കൂട്ടുകാരോടൊന്നിച്ചായിരുന്നു. വെളിച്ചം വീഴുന്ന വള്ളിപ്പടര്‍പ്പുകളിലേക്ക് തനിച്ചുകയറുമ്പോള്‍ താന്‍ മറ്റെവിടെയോ ആണെന്ന് ഗോവര്‍ധനു തോന്നി. അവളുടെ ചുരുള്‍മുടികള്‍. വനമാലികേ.. അയാള്‍ വിളിച്ചു. അവള്‍ ചെറിയ കുസൃതിയോടെ ഈണത്തിലൊന്നു മൂളി. അവിടെ ആരും ഉണ്ടായിരുന്നില്ല. അയാളുടെ കൂട്ടുകാര്‍ അപ്പൊഴേക്കും എവിടെയോ എത്തിയിരുന്നു. കാമറ നിലത്തേക്കു തിരിച്ചുപിടിച്ച് അയാള്‍ അതിനുള്ളിലേക്കു നോക്കി, ഇരുട്ടില്‍ വെളിച്ചത്തിന്റെ ഒരു വര. വനമാലികേ.. അയാള്‍ വീണ്ടും വിളിച്ചു.പുരാതനമായ എന്തെക്കെയോ ഭയങ്ങള്‍ തന്നെ വന്ന് ചൂഴ്ന്നുനില്‍ക്കുന്നതായി അയാള്‍ക്കുതോന്നി. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന മരത്തോടുചേര്‍ന്ന് അവളെയോര്‍ത്ത് സ്വയംഭോഗം ചെയ്യുമ്പോള്‍ , അവളുടെ ചുരുള്‍മുടിയുടെ വന്യതയിലേക്ക് ഗോവര്‍ധന്‍ ഊളിയിട്ടുകൊണ്ടേയിരുന്നു. വനമാലികേ... അയാള്‍ വിളിച്ചു, ആരുമുണ്ടായിരുന്നില്ല വിളികേള്‍ക്കാന്‍ . വനമാലികേ.. അയാള്‍ വിളിച്ചു. വീണ്ടും വീണ്ടും വിളിച്ചു.

No comments:

Post a Comment