Tuesday, June 2, 2009

9

ജീവിക്കാന്‍ മരണമല്ലാതെ മറ്റേതുമാര്‍ഗമാണുള്ളത്?

ഏതോ ഒരു ദിവസത്തിന്റെ ഏതോ ഒരു നിമിഷത്തില്‍ ജോണ്‍ മത്തായി മരിക്കാന്‍ തീരുമാനിച്ചു. മരിക്കാന്‍ നേരത്ത് ജീവിച്ചിരിക്കുന്നവര്‍ക്കായി എഴുതിവെക്കേണ്ട വാക്കുകളെക്കുറിച്ച് അയാള്‍ മറന്നില്ല. തന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലന്ന് മറ്റാരെക്കാളും നന്നായി അയാള്‍ക്കുതന്നെ അറിയാമായിരുന്നു. മറ്റാരെക്കാളും എന്നതില്‍ അയാളുടെ ഭാര്യയും അമ്മയും പത്തില്‍ക്കുറയാത്ത കാമുകിമാരും ചത്തുപോയ മത്തായിയും ഉള്‍പ്പെടും .മരണം തന്റെമാത്രം ജോലിയാണ്‌. ആ ജോലി എത്രയും പെട്ടെന്ന് തീര്‍ക്കുന്നതിനെക്കുറിച്ചുമാത്രമാണ്‌ ആ നിമിഷം അയാള്‍ ആലോചിച്ചത്‌. തന്റെ മരണത്തിന്‌ ജോണിന്‌ തന്റേതായ ന്യായീകരണങ്ങളുണ്ടായിരുന്നു. അതു ലോകം അറിയണമെന്നതുകൊണ്ടുമാത്രം അയാള്‍ എഴുതിവെക്കാന്‍ തയ്യാറായി. അതില്‍ ഒന്നാമത്തെ കാരണം ജീവിതത്തിന്‌ അര്‍ഥമുണ്ടെന്ന പഴഞ്ചന്‍ ചിന്ത തന്നെയാണ്‌. അര്‍ഥമില്ലാത്ത ജീവിതം അപ്രസക്തമാണ്‌. ജീവിച്ചിരിക്കെ എവിടെയോവെച്ച് തന്റെ ജീവിതം അപ്രസക്തമാകുന്നതായി ജോണ്‍ തിരിച്ചറിഞ്ഞു. നന്നായി കളിച്ചുകൊണ്ടിരിക്കെ മറ്റാരുടെയോ സമ്മര്‍ദത്താല്‍ കളത്തിനു പുറത്താക്കപ്പെട്ട കളിക്കാരനെപ്പോലെ , ടീമിന്റെ വിജയം തന്റെ ആഗ്രഹത്തിന്റെ പുറത്താണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. ടീമിന്റെ പരാജയവും താന്‍ ആഗ്രഹിക്കേണ്ടതില്ലെന്ന് അയാള്‍ തീരുമാനിച്ചു. അത്തരമൊരു തീരുമാനം തന്റെ മരണമാണെന്ന് പക്ഷേ വളരെ വൈകിമാത്രമാണ്‌ അയാള്‍ തിരിച്ചറിഞ്ഞത്‌. പൂര്‍ണതയിലേക്കു പോകുന്നൊരാള്‍ മരണത്തിലേക്കാണ്‌ പോകുന്നതെന്ന് അന്നുവരെ ആരും അയാള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നില്ല. അച്ഛന്‍ മത്തായി പോലും .കയറുകുരുക്കാനെടുത്ത സമയം മുഴുവന്‍ അപൂര്‍ണതയിലേക്കു നീങ്ങി ജീവിതത്തെ തിരിച്ചുപിടിക്കണമെന്ന് അയാള്‍ ആഗ്രഹിക്കാതിരുന്നില്ല. പക്ഷെ അതെങ്ങനെ എന്ന ആശയക്കുഴപ്പം കഴുത്ത് കുരുക്കിലേക്ക് കടത്തുന്നതുവരെ അവസാനിച്ചില്ല.

No comments:

Post a Comment