Friday, April 3, 2009

5.ജെ

1.ജെ നിന്നോടൊപ്പം നടക്കുമ്പോള്‍ ഞാന്‍ ആകാശത്തോളമുയരുന്നുണ്ട്. അതിശയോക്തി എടുത്തുകളഞ്ഞാല്‍ തന്നെയും ഏറ്റവും ഉയരത്തിലുള്ള ഒരു മരത്തോളമെങ്കിലും ഉയരുന്നു. വീടുകളും ഇടവഴികളും വ്യാപരസ്ഥലങ്ങളും എല്ലാം ആ ഉയരത്തില്‍ നിന്ന് എനിക്കു കാണാനാകുന്നു.പക്ഷെ നീ പോയിക്കഴിയുമ്പോള്‍ ഞാന്‍ ഭൂമിയിലേക്കുതന്നെ തിരികെയെത്തുന്നു. എതിരെവരുന്ന മനുഷ്യന്‍ പോലും അത്രമാത്രം അപ്രാപ്യനാകുന്നു.
ഇന്നലെ നിന്നോടൊപ്പം അഗ്രഹാരത്തിലൂടെ നടക്കുമ്പോള്‍ , തലനരച്ച ബ്രാഹ്മണ സ്ത്രീകള്‍ ചുമരില്‍ ചാരിയിരുന്ന് പോക്കുവെയിലേല്‍ക്കുന്നുണ്ടായിരുന്നു, നിന്നെ മൂകനായി വിട്ട് ഞാന്‍ നീ മുന്പ് പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ക്കുകയായിരുന്നു. കാഴ്ചയേയും കാഴ്ചക്കാരനേയും കുറിച്ച്. എല്ലാ ആകുലതകളും വിട്ട് ചിലപ്പോഴെങ്കിലും ഞാന്‍ കാഴ്ചകളിലേക്ക് വന്നു വീഴുന്നുണ്ട്, പക്ഷെ ചിലപ്പോള്‍ ചിലപ്പോള്‍ മാത്രം . എല്ലായിപ്പോഴും, എല്ലായിപ്പോഴും കാഴ്ചക്കാരന്‍ ഉണര്‍ന്നിരിക്കുന്നു, ഉറങ്ങുമ്പോള്‍ പോലും.
എന്നത്തെയും പോലെ വൈകുന്നേരത്തെ വെയില്‍വീണ പുഴക്കടവിലേക്ക് നീ എന്നെ കൂട്ടിക്കൊണ്ടുപോയി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയോരത്ത് പണികഴിഞ്ഞ് കുളിക്കാനെത്തിയവര്‍ തൂറാനിരിക്കുന്നുണ്ടായിരുന്നു. വെറുതെ കൌതുകത്തിനുവേണ്ടിമാത്രം നീ മൂക്കുപൊത്തുന്നുണ്ടോയെന്ന് ഞാന്‍ നോക്കി, തിരിഞ്ഞു നടക്കുന്നുണ്ടോയെന്നും . നീ അവിടെയുണ്ടായിരുന്നെങ്കിലും ഞാനുണ്ടായിരുന്നിടത്തൊന്നും നീയുണ്ടായിരുന്നില്ല.
ഞാന്‍ ... ആരുടെകൂടെ നടക്കുമ്പൊഴും കിടക്കുമ്പൊഴും രമിക്കുമ്പൊഴും ഞാന്‍... ഞാന്‍മാത്രം തനിച്ച്.

1 comment:

  1. സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തുന്നുവല്ലോ...എന്തൊക്കെയോ മനസ്സിലാവുന്ന പോലെ.വളരെ ഇഷ്ടപ്പെട്ടു ഈ ബ്ലോഗും...ആശംസകൾ...

    ReplyDelete