Friday, June 26, 2009
12
കാട്ടിലൂടെയുള്ള യാത്രകളിലായിരുന്നു ഗോവര്‍ധന്‍ വനമാലികയെ കണ്ടത്. അവളൊരു കാട്ടുചെടിയോ കാട്ടുപൂവോ കാട്ടുവള്ളിയോ കാട്ടുപെണ്ണോ ഒന്നുമായിരുന്നില്ല. പക്ഷേ, കാട് എല്ലായിപ്പോഴും അവളെ മാത്രം ഓര്‍മിപ്പിച്ചു. ഒരുപാട് നിലകളുള്ള ഒരു കെട്ടിടം , അതു കാടായിരുന്നോ, ചില്ലുഭിത്തികള്‍ കൊണ്ട് തിരിച്ചിരിക്കുന്ന നിരവധി മുറികള്‍ , ഒന്ന് ഒന്നില്‍ പ്രതിഫലിക്കുന്നതുപോലെയുള്ള വിചിത്രമായ നിര്‍മിതി, ഒരോഫീസ് മുറിക്ക് ഒരിക്കലും ചേരാത്ത തരത്തില്‍ . അവിടെ ആരുമുണ്ടായിരുന്നില്ല, അവളൊഴികെ മറ്റാരും . അയാള്‍ക്ക് മുഖംതിരിഞ്ഞ് അവളാരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കസേരയുടെ പിന്നിലേക്ക് ഉലഞ്ഞുകിടക്കുന്ന അവളുടെ നീണ്ട , ചുരുണ്ട മുടിയിഴകള്‍ .പെണ്‍കുട്ടികളുടെ നീണ്ട മുടിയോടുള്ള അയാളുടെ വെറുപ്പുകൊണ്ടുമാത്രം രണ്ടാമതൊരു നോട്ടം പാടില്ലാത്തതായിരുന്നു. പക്ഷെ അതുണ്ടായി. എന്തുകൊണ്ടോ . അന്ന് കാട്ടിലേക്കുള്ള യാത്ര കൂട്ടുകാരോടൊന്നിച്ചായിരുന്നു. വെളിച്ചം വീഴുന്ന വള്ളിപ്പടര്‍പ്പുകളിലേക്ക് തനിച്ചുകയറുമ്പോള്‍ താന്‍ മറ്റെവിടെയോ ആണെന്ന് ഗോവര്‍ധനു തോന്നി. അവളുടെ ചുരുള്‍മുടികള്‍. വനമാലികേ.. അയാള്‍ വിളിച്ചു. അവള്‍ ചെറിയ കുസൃതിയോടെ ഈണത്തിലൊന്നു മൂളി. അവിടെ ആരും ഉണ്ടായിരുന്നില്ല. അയാളുടെ കൂട്ടുകാര്‍ അപ്പൊഴേക്കും എവിടെയോ എത്തിയിരുന്നു. കാമറ നിലത്തേക്കു തിരിച്ചുപിടിച്ച് അയാള്‍ അതിനുള്ളിലേക്കു നോക്കി, ഇരുട്ടില്‍ വെളിച്ചത്തിന്റെ ഒരു വര. വനമാലികേ.. അയാള്‍ വീണ്ടും വിളിച്ചു.പുരാതനമായ എന്തെക്കെയോ ഭയങ്ങള്‍ തന്നെ വന്ന് ചൂഴ്ന്നുനില്‍ക്കുന്നതായി അയാള്‍ക്കുതോന്നി. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന മരത്തോടുചേര്‍ന്ന് അവളെയോര്‍ത്ത് സ്വയംഭോഗം ചെയ്യുമ്പോള്‍ , അവളുടെ ചുരുള്‍മുടിയുടെ വന്യതയിലേക്ക് ഗോവര്‍ധന്‍ ഊളിയിട്ടുകൊണ്ടേയിരുന്നു. വനമാലികേ... അയാള്‍ വിളിച്ചു, ആരുമുണ്ടായിരുന്നില്ല വിളികേള്‍ക്കാന്‍ . വനമാലികേ.. അയാള്‍ വിളിച്ചു. വീണ്ടും വീണ്ടും വിളിച്ചു.
Thursday, June 25, 2009
11
ഞാന്‍ നിന്നെ പിന്തുടരുന്നത്, നീ അകന്നുപൊയിട്ടും വിടാതെ കൂടുന്നത്, ഞാന്‍ പിന്തുടരുന്നതുകൊണ്ടുമാത്രം നിനക്കു പലതും നഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞിട്ടും വേദനിക്കാത്തത്, നീ ഞാന്‍ കാണുന്ന നൂറായിരം പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തയായതിനാലല്ല, നിന്നെ പിന്തുടരുമ്പോള്‍, അതില്‍ തുടരുമ്പോള്‍ , തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍, ഞാന്‍ നൂറായിരം ആണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തനാകുന്നതിനാലാണ്
Friday, June 5, 2009
10
ഇ എന്ന നഗരത്തിലെ സര്‍വകലാശാലാ കാമ്പസ്സില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ജോണ്‍ മത്തായി എലിസബത്തിനെ വീണ്ടും കാണുന്നത്. കാമ്പസ്സിനും എലിസബത്ത് ജോലിചെയ്യുന്ന ഹോസ്പിറ്റലിനുമിടയില്‍ ദുര്‍ഗന്ധം വമിക്കുന്ന ഒരു ഓടയുടെ അകലമേയുണ്ടായിരുന്നുള്ളു. ഒരിക്കലും എത്തിപ്പെടാനാവാത്ത ഒരകലം , ആരും ചാടിക്കടക്കാന്‍ ധൈര്യപ്പെടാത്ത ഒരകലം. ജോണ്‍മത്തായിക്ക് അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സഹപാഠി മദ്യപിച്ച് അബോധാവസ്ഥയിലാകേണ്ടിവന്നു ആ മുഷിഞ്ഞ അകലം ചാടിക്കടക്കാന്‍. എലിസബത്തിന് അയാളെ മനസ്സിലായില്ല. എല്ലാം പറഞ്ഞിട്ടും കൈനഖത്തിലെ കറുത്ത മറുക് കാണിച്ചുകൊടുത്തിട്ടും തന്റെ കളിക്കൂട്ടുകാരനാണ് മുന്നില് നില്‌ക്കുന്നതെന്ന് അവള്‍ വിശ്വസിച്ചില്ല. വീണ്ടും കാണാമെന്നുപോലും പറയാതെ അവള്‍ ആ അപരിചിതനെ യാത്രയാക്കി. അയാളാകട്ടെ ഏതോ വിഭ്രമത്തിലകപ്പെട്ടതുപോലെ അവിടം വിട്ട് പോകുകയും ചെയ്തു.
Subscribe to:
Posts (Atom)